പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയിലെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വമ്പന്മാരെ ബോൺമൗത്ത് അട്ടിമറിച്ചത്. സിറ്റിയുടെ തുടർച്ചയായ 32 വിജയങ്ങൾക്കാണ് ഫുൾസ്റ്റോപ്പിട്ടത്. തോൽവി പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ ടേബിളിൽ രണ്ടാം സ്ഥാനത്താക്കി. 10 മത്സരത്തിനൊടുവിൽ 23 പോയിൻ്റാണ് സിറ്റിക്കുള്ളത്.മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ സെമന്യോയുടെ ഗോളിലാണ് സിറ്റി ഞെട്ടിയത്. ആദ്യപകുതിയിൽ സിറ്റിയെ വരച്ചവരയിൽ നിർത്താനും ബോൺമൗത്തിനായി.രണ്ടാം പകുതിയിലെ 64-ാം മിനിട്ടിൽ ഇവാനിൽസന്റെ ഫിനിഷ് ബോൺമൗത്തിന്റെ ലീഡ് ഇരട്ടിയാക്കി. മിലോസ് കെർകെസ് ആണ് രണ്ടു ഗോളിനും വഴിയൊരുക്കിയത്.82-ാം മിനിറ്റിൽ യോഷ്കോ ഗവാർഡിയോളിലൂടെ സിറ്റി തിരിച്ചടിച്ചു. ഗുണ്ടോഗന്റെ ക്രോസിൽ നിന്നായിരുന്നു വലകുലുക്കിയത്. സമനിലയ്‌ക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. സിറ്റിയുടെ സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഇഞ്ചുറി ടൈം ക്ലോസ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുന്നതും കണ്ടു.