സംസ്ഥാന സ്കൂൾ കായിക മേളയുടെ മത്സരങ്ങൾ തുടങ്ങിയ ദിവസം തന്നെ മത്സരാർഥികൾക്ക് ആവേശം പകർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയെത്തി. രാവിലെ എറണാകുളം, വയനാട് ജില്ലകൾ തമ്മിൽ നടന്ന 14 വയസിനു താഴെയുള്ള സവിശേഷ പരിഗണന അർഹിക്കുന്നവരുടെ ഫുട്ബോൾ മത്സരം തുടങ്ങുന്നതിനു തൊട്ടു മുൻപാണ് മന്ത്രി പ്രധാന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ എത്തിയത്.
ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകി ചേർത്തുപിടിച്ച മന്ത്രി കായിക താരങ്ങൾക്ക് വിജയാശംസ നേർന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ്. പ്രദീപ്, അഡീഷണൽ ഡയറക്ടർ ഷൈൻ മോൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.