കഴിഞ്ഞ വര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെ ഇക്കുറിയും എസ് അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ മീറ്റ് റെക്കോഡ്.
സീനിയര്‍ ആണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് ഈ മിടുക്കന്‍ സ്വര്‍ണമണിഞ്ഞത്. 2022ല്‍ തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളിലെ ടി ജെ ധനുഷ് നേടിയ 1:02. 27 മിനിറ്റ് എന്ന റെക്കോഡാണ് 1:02.12 മിനിറ്റ് എന്ന സമയം കൊണ്ട് മെച്ചപ്പെടുത്തിയത്.
200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു ദേശീയ സ്‌കൂള്‍ മേളയിലെ നേട്ടം. ദേശീയ ജൂനിയര്‍ കായികമേളയില്‍ ഇതേ ഇനത്തില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.
തിരുവനന്തപുരം തുണ്ടത്തില്‍ എം വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അഭിനവ് ആലപ്പുഴ ചമ്പക്കുളം പുത്തന്‍വീട്ടില്‍ സുരാജിന്റെയും സുജയുടെയും മകനാണ്. തിരുവനന്തപുരം സായിയിലെ അഭിലാഷിനു കീഴിലാണ് പരിശീലനം.