താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയാണെന്ന് കെ മുരളീധരന്‍.വ്യക്തികള്‍ക്ക് വേണ്ടിയല്ല തന്റെ പ്രചാരണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാടും ചേലക്കരയും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ സജീവമാകണമോ എന്നത് ആലോചിക്കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തൃശൂര്‍ പൂര വിവാദത്തിലും സുരേഷ് ഗോപിയുടെ ഇടപെടലിലും കെ മുരളീധരന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നായിരുന്നു പ്രതികരണം. പകല്‍ പൂരത്തിന്റെ സമയത്ത് സുരേഷ് ഗോപിയെ ആ പരിസരത്ത് കാണാനേ ഇല്ലായിരുന്നു. രാത്രിയില്‍ വന്നിറങ്ങി കമ്മീഷണര്‍ മോഡല്‍ ഇടപെടലായിരുന്നു സുരേഷ് ഗോപി നടത്തിയത്. മന്ത്രി രാജനെ പോലും വകവെയ്ക്കാതിരുന്ന കമ്മീഷണര്‍ അങ്കിത് അശോക്, സുരേഷ് ഗോപിയെ കണ്ടതോടെ സ്വഭാവം മാറ്റിയെന്നും കെ മുരളീധരന്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നത് മായക്കാഴ്ച ആയതുകൊണ്ടാകും ഇപ്പോള്‍ കേസ് വന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു.