ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭയിൽ പാസാക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻസിപി നേതാവ് ശരദ് പവാറിന്റെ നാല് തലമുറകൾ വിചാരിച്ചാലും കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ നാഷണൽ കോൺഫറൻസും കോൺഗ്രസും നിയമസഭയിൽ പ്രമേയം പാസാക്കി.കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് അവർ പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഈ മണ്ണിൽ നിന്നുകൊണ്ട് ഞാൻ പറയുന്നു , ശരദ് പവാർ സാഹബ് , നിങ്ങളുടെ നാല് തലമുറ വന്നാലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ഞങ്ങൾ അനുവദിക്കില്ല,” അമിത്ഷാ പറഞ്ഞു.മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മഹാവികാസ് അഘാഡി പ്രീണന രാഷ്‌ട്രീയമാണ് കൂട്ടുപിടിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ വഖ്ഫ് ബോർഡിലെ ചില വ്യവസ്ഥകളിൽ രാജ്യം മുഴുവൻ അസ്വസ്ഥമാണ് അതിൽ മാറ്റം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത്. കർണാടകയിൽ ക്ഷേത്രങ്ങളും പാവപ്പെട്ട ജനങ്ങളുടെ ഭൂമിയുമുൾപ്പെടെ ഒരു ഗ്രാമം മുഴുവൻ വഖ്ഫിന്റെ സ്വത്താക്കി പ്രഖ്യാപിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.