വയനാട്ടിലും ചേലക്കരയിലും മൂന്നാഴ്ചയിലേറെ നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം.പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.നാളെ നിശബ്ദ പ്രചരണം. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പാലക്കാട് മണ്ഡലത്തില്‍ 20നാണ് പോളിങ്.അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടപ്പാച്ചിലിലാണ്.സിപിഐഎമ്മിന്റെ പൊന്നാപുരം കോട്ടയാണ് കാല്‍നൂറ്റാണ്ടായി ചേലക്കര.
എന്നാല്‍ ഇക്കുറി ആ കോട്ട ഒന്ന് വിറച്ചിട്ടുണ്ട് എന്ന് കോൺഗ്രസിനും യുഡിഎഫിനും ആത്മവിശ്വാസം. അത് പാർട്ടി തിരിച്ചറിഞ്ഞതിൻ്റെ സൂചനയാണ് തെരഞ്ഞെടുപ്പിൻ്റെ അവസാന മണിക്കൂറില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രചാരണം ഏറ്റെടുത്തത്. രണ്ടുദിവസം മണ്ഡലത്തില്‍ ക്യാമ്ബ് ചെയ്ത് 6 പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്.
എംപി കെ രാധാകൃഷ്ണന്റെ ഉള്‍വലിയല്‍ പ്രചാരണ രംഗത്ത് ആദ്യന്തം പ്രകടമായിരുന്നു. മുഖ്യമന്ത്രി സജീവമായതോടെ അതിന് പാർട്ടി തടയിട്ടിട്ടുണ്ട്. മുൻ കോണ്‍ഗ്രസുകാരൻ ആണ് പി വി അൻവറിന്റെ സ്ഥാനാർഥി എങ്കിലും ലക്ഷ്യം വയ്ക്കുന്നത് സിപിഐഎം വോട്ടുകളാണ്.
ഇരുമുന്നണികളും ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു.
വയനാട്ടില്‍ വൻ ജനപ്രീതിയോടെ വന്നിറങ്ങിയ പ്രിയങ്ക ഗാന്ധി സംസ്ഥാന സർക്കാരിനെയോ എല്‍ ഡി എഫിനെയോ കാര്യമായി വിമർശിക്കാൻ നിന്നില്ലെന്നതും ഈ തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേകതയാണ്.