പത്തനംതിട്ട തിരുവല്ലയിൽ രണ്ട് സെലിബ്രിറ്റികളെ കാണാൻ നിരവധി പേരാണ് ദിനവും എത്തുന്നത് . മലയാള സിനിമയിൽ അനവധി വേഷങ്ങൾ കൈകാര്യം ചെയ്ത തിരുവല്ല ഭാസിയാണ് ഒരു സെലിബ്രിറ്റി. രണ്ടാമത്തെ സെലിബ്രിറ്റി ഭാസിചേട്ടൻ്റെ മോരും വെള്ളവും.തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയോട് ചേർന്ന കടയിലാണ് ഈ രണ്ട് സെലിബ്രിറ്റികളും ഉള്ളത്.
മലയാള സിനിമയിൽ നൂറിൽ പരം ചിത്രങ്ങളിൽ ഇതിനോടകം ഭാസി ചേട്ടൻ വേഷമിട്ടു.സംവിധായകൻ ബ്ലസി നിർമ്മിച്ച കാഴ്ച എന്ന സിനിമയിലൂടെയാണ് തിരുവല്ല ഭാസി അഭിനയ ലോകത്തേക്ക് എത്തുന്നത്.കാഴ്ച സിനിമയിലെ ചായക്കടക്കാരൻ്റെ വേഷത്തിൽ ഭാസി എത്തിയത് മലയാളി ഒരിക്കലും മറക്കില്ല.തിരുവല്ല നിവാസികൾക്കു മാത്രമല്ല, കരയും കടന്ന് പ്രസിദ്ധമാണ് ഭാസിച്ചേട്ടന്റെ മോരും വെള്ളവും ജാതിക്ക അച്ചാറും. ഒട്ടും തന്നെ മായം ചേരാതെ തനതായ രുചിക്കൂട്ടുകൾ മാത്രം ചേർത്തുകൊണ്ടുള്ള ഈ മോരും വെള്ളം കേരളീയ പഴമയുടെ മഹത്തായ രുചി സംസ്കാരം വിളിച്ചോതുന്നതാണ്. തൻ്റെ അഭിനയ ലോകത്തേക്ക് ഉള്ള ചുവടുവെയ്പ്പിൻ്റെ കഥ വളരെ ആവേശത്തോടെയാണ് ഭാസി പറയുന്നത്.
സിനിമ കാഴ്ചയ്ക്ക് പുറമേ തന്മാത്ര , ചാർളി , ഒരു ഇന്ത്യൻ പ്രണയകഥ. തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ച തിരുവല്ല ഭാസി ബ്ലസിയുടെ ആടുജീവിതത്തിലും പ്രത്യേക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നാട്ടുകാർ മാത്രമല്ല മലയാള സിനിമയിലെ നിരവധി താരങ്ങളും ഭാസിചേട്ടൻ്റെ കസ്റ്റമേഴ്സാണ്.