നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം.ബൂത്ത് ലെവല്‍ ഓഫീസർമാരോട് ജില്ലാ കളക്‌ടർ എസ് ചിത്ര വിശദീകരണം തേടി.
മണ്ഡലത്തില്‍ രണ്ടായിരത്തില്‍ അധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് തന്നെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്.
പരാതിയില്‍ അന്വേഷണം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ഡലത്തിലെ 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോട് കളക്‌ടർ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വോട്ട് ചേർത്തെന്ന ആരോപണത്തില്‍ റവന്യൂ തഹസില്‍ദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും അന്വേഷണം നടത്താൻ ഡെപ്യൂട്ടി കളക്‌ടർ ഉത്തരവിട്ടിരുന്നു.
മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത് ഡെപ്യൂട്ടി കളക്‌ടറാണ്. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാനാണ് നിർദ്ദേശം. മണ്ഡലത്തില്‍ പുതുതായി ചേർത്ത വോട്ടർമാരുടെ കാര്യത്തില്‍ വീഴ്‌ച സംഭവിച്ചു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. കൃത്യമായി രേഖകള്‍ ഇല്ലാതെ കൂടുതല്‍ വോട്ടർമാരെ മണ്ഡലത്തില്‍ ചേർത്തുവെന്നും ആക്ഷേപമുണ്ടായിരുന്നു.