എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം.വിശാലിനി (ആറ്), സായ് സുധൻ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എ.സി. ഓണാക്കുകയും ചെയ്തു.രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു.