എൻസിപി ശരദ് പവാർ പക്ഷം നേതാവ് അനിൽ ദേശ്മുഖിന് നേരെ ആക്രമണം. നാഗ്പൂരിൽ വാഹനത്തിന് നേരെയുണ്ടായ കല്ലേറിൽ അനിൽ ദേശ്മുഖിന് പരുക്കേറ്റു. അനിൽ ദേശ്മുഖിന്റെ തലയ്ക്കാണ് പരുക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ശരദ് പവാർ വിഭാഗത്തിലെ മുതിർന്ന നേതാവും മുൻ ആഭ്യന്തര മന്ത്രിയുമാണ് അനിൽ ദേശ്മുഖ്.നർഖേദിൽ മകൻ സലീൽ ദേശ്മുഖിന്റെ പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുകയായിരുന്നു അനിൽ ദേശ്മുഖ്. ആക്രമണത്തിൽ കാർ തകർന്നു. വലിയ കല്ലുകളാണ് വാഹനത്തിന് നേരെ എറിഞ്ഞത്. തല പൊട്ടി ചോര വാർന്ന നിലയിൽ അനിൽ ദേശ്മുഖ് ആശുപത്രിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.