ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ. ചേലക്കരയില്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി. 4000 വോട്ട് തികച്ച് നേടാനാവാതെയാണ് ഡിഎംകെയുടെ കന്നി മത്സരം. ചേലക്കരയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് പിവി അന്‍വറിന്റെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പോരിനിറങ്ങി ഇടതു വോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.എഐസിസി അംഗമായിരുന്ന എന്‍ കെ സുധീറിനെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കി. ഇതുവഴി കോണ്‍ഗ്രസ് വോട്ടുകളും അന്‍വര്‍ പ്രതീക്ഷിച്ചു.പക്ഷേ, പെട്ടി പൊട്ടിച്ചപ്പോള്‍ അന്‍വറിന്റെ കണക്കുകൂട്ടലുകള്‍ പൊട്ടിപ്പാളീസായി. ആകെ നേടാനായത് 3920 വോട്ടുകള്‍.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി ഉയര്‍ത്താന്‍ പോലും എന്‍ കെ സുധീറിനായില്ല. കിട്ടിയതത്രയും പിണറായിസത്തിനതിരായ വോട്ടെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. അന്‍വറിനെ പണ്ടേ ജനം തള്ളിക്കളഞ്ഞതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പിവി അന്‍വറിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം