കോതമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണി വലിയക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസ് (45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. ആന വഴിയിൽ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
എൽദോസിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചിരുന്നു.
