കേരള നിയമസഭ പതിമൂന്നാം സമ്മേളനം; ഡോ. മന്‍മോഹന്‍ സിംഗിന് എ.എൻ ഷംസീറിൻ്റെ ചരമോപചാരം

പതിനഞ്ചാം കേരള നിയമസഭ പതിമൂന്നാം സമ്മേളനം, ഡോ. മന്‍മോഹന്‍ സിംഗിന് – നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ സഭയിലെ അവതരിപ്പിച്ച ചരമോപചാരം.

രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് 2024 ഡിസംബര്‍ 26-ന് അന്തരിച്ചു. ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം.

1936 സെപ്റ്റംബര്‍ 26-ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ ഗുര്‍മുഖ് സിംഗിന്റെയും അമൃത് കൗറിന്റെയും മകനായി മന്‍മോഹന്‍ സിംഗ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അമൃത്‍സര്‍ ഹിന്ദു കോളജിലായിരുന്നു പഠനം.

പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടറേറ്റും നേടി.

സാമ്പത്തിക വിദഗ്ദ്ധന്‍, അക്കാദമിക് പണ്ഡിതന്‍, ഉന്നത ഉദ്യോഗസ്ഥന്‍, രാഷ്‌ട്രീയ നേതാവ് തുടങ്ങിയ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെയും പ്രശസ്തമായ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെയും ഫാക്കൽറ്റിയിൽ ചെലവഴിച്ച വർഷങ്ങള്‍ ഡോ.സിംഗിന്റെ അക്കാദമിക് യോഗ്യതകള്‍ ശക്തിപ്പെടുത്തി.

1966-69 കാലയളവില്‍ United Nations Conference on Trade and Development സെക്രട്ടേറിയറ്റിലും തുടര്‍ന്ന് ഇന്ത്യയുടെ ധനകാര്യ, വിദേശകാര്യ മന്ത്രാലയത്തിലും അദ്ദേഹം ഉന്നത പദവികള്‍ വഹിച്ചു.

തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, ജനീവയിലെ സൗത്ത് കമ്മീഷൻ സെക്രട്ടറി ജനറല്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്, UGC ചെയര്‍മാന്‍ എന്നീ നിലകളിലും പ്രശംസ പിടിച്ചു പറ്റി.

നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിലും അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം സൈപ്രസിൽ നടന്ന കോമൺവെൽത്ത് ഗവൺമെന്റ് മേധാവികളുടെ യോഗത്തിലേക്കും 1993-ൽ വിയന്നയിൽ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കും ഇന്ത്യൻ സംഘത്തെ നയിച്ചു.

റിസർവ്‌ ബാങ്ക്‌ ഗവർണ്ണർ എന്ന നിലയിൽ ദേശീയതലത്തിലും അന്താരാഷ്‌ട്ര നാണയ നിധി അംഗമെന്നനിലയിൽ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ അദ്ദേഹം രാഷ്‌ട്രീയത്തിലെത്തുന്നത്‌.

1991-ല്‍ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ധനകാര്യ മന്ത്രി പദം തേടിയെത്തി. രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും മന്‍മോഹന്‍സിങിനെ കാലം അടയാളപ്പെടുത്തുക.

1991-ലെ നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അദ്ദേഹം പുത്തന്‍ സാമ്പത്തിക നയങ്ങളായ ഉദാരവത്ക്കരണം, സ്വകാര്യവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി.

2004-ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സഖ്യം അധികാരത്തിലെത്തിയപ്പോള്‍ മന്‍മോഹന്‍ സിംഗിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് നിയോഗിച്ചത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശനിയമം തുടങ്ങി ഒട്ടേറെ ക്ഷേമ പരിപാടികൾ മൻമോഹൻ സിംഗ് മന്ത്രിസഭ ആവിഷ്‌കരിച്ചു.

2009-ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന ശക്തി കൂടിയാണ് അദ്ദേഹം.

ഇന്ത്യാ ചൈനാ അതിർത്തി തർക്കങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്ത് ഊഷ്‌മളമായ വിദേശ ബന്ധം ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൂക്ഷിച്ച മൻമോഹൻ സിംഗ് അമേരിക്കയുമായി ആണവകരാറിലേര്‍പ്പെട്ടത് എറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ധനമന്ത്രിയായും പ്രധാനമന്ത്രിയായും രാഷ്‌ട്രനിർമാണത്തിന് മൻമോഹൻ സിംഗ് നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ സാമ്പത്തിക വൈദഗ്ധ്യത്തിനുമപ്പുറമാണ്.

സൗമ്യത കാത്തുസൂക്ഷിക്കുമ്പോഴും തീരുമാനങ്ങളില്‍ കാര്‍ക്കശ്യം അദ്ദേഹം പുലര്‍ത്തി.

ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മൻമോഹൻ സിംഗിനെ 1987-ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

കേംബ്രിഡ്ജ്, ഓക്സ്ഫോഡ് സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഓണററി ബിരുദങ്ങള്‍ നല്‍കി ആദരിച്ചു.

നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.

1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു.

പ്രഗത്ഭനായ ഒരു ധനകാര്യ വിദഗ്ദ്ധനെയും നിശ്ചയദാർഢ്യമുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനേയുമാണ് മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...