തെരുവുനായ ശല്യത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ യുവസേനയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം .നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസറുടെ മുറിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ, ചാക്കിലൊതുക്കി കൊണ്ടുവന്ന തെരുവുനായ്ക്കളെ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് ഇറക്കിവിടുകയായിരുന്നു. യുവസേന ജില്ലാ മേധാവി വിക്രം രൺധാവെയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രതീകാത്മക പ്രതിഷേധം. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും നിരവധി പേർക്ക് കടിയേറ്റിട്ടും ഭരണകൂടം അനാസ്ഥ തുടരുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് പ്രതിഷേധം അവസാനിച്ചത്.

