മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ശസ്ത്രക്രിയക്ക് വിധേയനായ ചൗള ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം, യൂണിയൻ ടെറിട്ടറി കേഡറിലെ 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച ചൗള 2005 മെയ് 16നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 2009 ഏപ്രില്‍ 20 വരെ അദ്ദേഹം അവിടെ തന്നെ സേവനമനുഷ്ഠിച്ചു. അതിന് ശേഷം 2010 ജൂലൈ 29 വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ജോലി ചെയ്തു. അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോള്‍ 2009ല്‍ നടന്ന ലോക്സഭ പൊതു തെരഞ്ഞെടുപ്പും ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പും വിജയകരമായാണ് നടത്തിയത്. ചൗള തന്റെ ഭരണകാലത്ത്, മൂന്നാം ലിംഗക്കാരായ വോട്ടർമാരെ ‘പുരുഷൻ’ അല്ലെങ്കില്‍ ‘സ്ത്രീ’ എന്ന് വിഭാഗത്തില്‍ വോട്ട് ചെയ്യാൻ നിർബന്ധിക്കുന്നതിന് പകരം ‘മറ്റുള്ളവർ’ എന്ന പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വോട്ട് ചെയ്യാൻ അനുവദിക്കുന്നത് ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വവും തിരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള പ്രതിബദ്ധതയും ഞങ്ങള്‍ക്കെന്നും പ്രചോദനമാണെന്ന് അനുശോചന സന്ദേശത്തില്‍ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.