മഹാകുംഭമേളയിൽ പങ്കെടുത്ത് ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയിൽ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തു.ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുകയാണെന്ന് ബിഹാർ ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’ എന്നാണ് മഹാകുംഭമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്. മഹാകുംഭമേളയിൽ സന്നിഹിതരായ പ്രശ്സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി.പ്രയാഗ് രാജിലെത്തിയ ഗവർണറെ ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാൽ ഗുപ്ത സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ആരിഫ് മുഹമ്മദ് ഖാൻ ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്തി. ഉത്തർപ്രദേശ് സർക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് മന്ത്രി നന്ദഗോപാൽ ഗുപ്ത ഗവർണറെ ധരിപ്പിച്ചു. മഹാകുംഭമേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന ഗതാഗത സൗകര്യങ്ങൾ, ആരോഗ്യസേവനങ്ങൾ, ആത്മീയ പരിപാടികൾ എന്നിവയെ കുറിച്ച് മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.