സൗജന്യമായി ആട്ടിറച്ചി നൽകിയില്ലെന്ന് ആരോപിച്ച് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ട് ശ്മശാനത്തൊഴിലാളി. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിൽ ആണ് സംഭവം. പി സി പെട്ടി സ്വദേശിയായ കുമാർ എന്നയാളാണ് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടത്. കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മണിയരശൻ എന്നയാളുടെ കടയ്ക്ക് മുന്നിലാണ് മൃതദേഹം കൊണ്ടിട്ടത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാർ. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ പ്രതി സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി.പിന്നാലെ നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് മണിയരശന്റെ കടയ്ക്ക് മുമ്പിൽ കൊണ്ടിടുകയായിരുന്നു കുമാർ. തുടർന്ന് കടയുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ തയ്യറായില്ല. പിന്നീട് ആംബുലൻസെത്തിച്ച് പൊലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു