സ്‌കൂളില്‍ നിന്നും എല്ലാവരും പിക്‌നിക്കിന് പോകുമ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ പിന്നിലേക്ക് മാറിനില്‍ക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു കൂട്ടുകാരന് കൈത്താങ്ങായി എത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേപ്പാളിലെ ഒരു സ്‌കൂളില്‍ നിന്നുള്ള വീഡിയോയാണ് ചര്‍ച്ചയാകുന്നത്. തങ്ങളുടെ കൂട്ടുകാരനായ പ്രിന്‍സിനുവേണ്ടി കുട്ടികള്‍ ക്ലാസ്‌റൂമിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം സ്വരൂപിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു അധ്യാപികയാണ് ക്ലാസ്‌റൂമിലെ ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.എന്താണ് ചെയ്യുന്നതെന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ ചുരുട്ടിപ്പിടിച്ച നോട്ടുകളുമായി അധ്യാപികയുടെ അടുത്തേക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ പ്രിന്‍സിന് പിക്‌നിക്കിന് പോകാനുള്ള പണം ശേഖരിക്കുകയാണെന്ന് പറയുന്നു. പണം താന്‍ നല്‍കാമെന്ന് അധ്യാപിക പറയുന്നുണ്ട്. എന്നാല്‍ അത് വേണ്ടെന്നും തങ്ങള്‍ക്കിടയില്‍ നിന്ന് പണം സ്വരൂപിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതെല്ലാം കണ്ടുനിന്ന പ്രിന്‍സ് എന്ന വിദ്യാര്‍ത്ഥി വികാരധീനനാകുന്നതും കരയുന്നതും വീഡിയോയിലുണ്ട്. അതുകണ്ടതും മറ്റ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്.