പണിമുടക്ക് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് കെഎസ്ആർടിസിയുടെ പണി. ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് നിർദേശം. റെഗുലർ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നാണ് ഉത്തരവ്. ഡയസ്നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ബില്ലുകൾ പ്രത്യേകമായി പ്രോസസ് ചെയ്യാനാണ് നിർദേശം.സ്പാർക് സെല്ലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്താൽ മതിയെന്ന് നിർദേശം നൽകി. ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ് ആരോപിച്ചു. ഈ മാസം നാലിന് ആയിരുന്നു കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് നടത്തിയത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളായിരുന്നു സമരക്കാർ ഉന്നിയിച്ചത്.