ചെങ്ങന്നൂരിൽ വൃദ്ധനായ പെട്രോൾ പമ്പ് ജീവനക്കാരനെ അതിക്രൂരമായി മർദ്ദിച്ച പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേർ അറസ്റ്റിൽ. പെട്രോൾ അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ വൈകിയതിന് 79 വയസുള്ള ജീവനക്കാരനെയാണ് അതിക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ മാലംപുറത്തുഴത്തിൽ വീട്ടിൽ അജു അജയൻ (19), പുല്ലാട് ബിജു ഭവനത്തിൽ ബിനു(ബിജിത്ത്-19) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ 19 ന് രാത്രി 12.30 ഓടെയായിരുന്നു സംഭവം.രൂപമാറ്റം വരുത്തിയ ബൈക്കിലെത്തിയ പ്രതികൾ 500 രൂപ നൽകിയ ശേഷം 50 രൂപയുടെ പെട്രോൾ അടിച്ചു. ബാക്കി തുക നൽകാൻ താമസിച്ചതിനാണ് പമ്പ് ജീവനക്കാരനെ ആക്രമിച്ചത്. പ്രതികൾ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ സി വിപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എസ് പ്രദീപ്, നിധിൻ,സിനീയർ സിവിൽ പോലീസ് ഓഫീസറായ ശ്യാംകുമാർ,സിവിൽ പോലീസ് ഓഫീസർ ജിജോ സാം, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.