ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മിന് നിലപാട് തിരുത്തേണ്ടി വരും. മുന്‍ നിലപാടില്‍ നിന്ന് സിപിഐഎം മാറിയതെന്തുകൊണ്ടെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍ എസ് എസ് നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്.ആര്‍ എസ് എസ് പൂര്‍ണ ഫാസിസ്റ്റു സംഘടനയാണ്. ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാരും ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയാണ്- ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ഉള്‍പ്പെടെയുളള മറ്റ് ഇടത് പാര്‍ട്ടികള്‍ വിലയിരുത്തുന്നത് പോലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്നായിരുന്നു സിപിഐഎം നിലപാട്. കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രകമ്മറ്റി സംസ്ഥാന ഘടകങ്ങള്‍ക്കയച്ച രഹസ്യ രേഖയിലാണ് ഈ വിലയിരുത്തല്‍. ബിജെപി സര്‍ക്കാര്‍ നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്നുവെന്ന് കരട് പ്രമേയത്തില്‍ വിലയിരുത്തിയ ശേഷമാണ് ഈ നിലപാട്മാറ്റം എന്നതാണ് ശ്രദ്ധേയമായ കാര്യം.ഫാസിസം, നിയോ ഫാസിസം, നിയോ ഫാസിസവും നിയോ ഫാസിസ്റ്റ് പ്രവണതകളും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊക്കെ വിശദീകരിച്ച് കൊണ്ടാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി മോദി സര്‍ക്കാരിനെ കുറിച്ചുളള നിലപാട് വ്യക്തമാക്കുന്നത്.നവ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമാക്കുന്നതാണ് ബിജെപിക്കും ആര്‍എസ്എസിനും കീഴിലുളള ഹിന്ദുത്വ കോര്‍പ്പറേറ്റ് ഭരണം എന്നാണ് നാം പറഞ്ഞിട്ടുളളത്. എന്നാല്‍ മോദി സര്‍ക്കാരിനെ നാം ഫാസിസ്റ്റെന്നോ നവഫാസിസ്റ്റെന്നോ പറയുന്നില്ല. ഇന്ത്യാ രാജ്യത്തെ നവ ഫാസിസ്റ്റ് രാജ്യമെന്നും നാം പറയുന്നില്ല. പത്ത് കൊല്ലത്തെ തുടര്‍ച്ചയായ ബിജെപി ഭരണത്തിലൂടെ രാഷ്ട്രീയാധികാരം ബിജെപിയുടെയും ആര്‍എസ്എസിന്റെയും കൈകളിലേക്ക് കേന്ദ്രീകരിക്കുകയും അത് നവ ഫാസിസ്റ്റ് പ്രവണതകളുടെ പ്രകടനത്തിലേക്കും എത്തി എന്നാണ് നാം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതൊരു നവഫാസിസ്റ്റ് സര്‍ക്കാരായോ രാഷ്ട്രീയ സംവിധാനമായോ വികസിച്ചിട്ടില്ല. നവഫാസിസത്തിന്റെ ദിശയിലേക്ക് നീങ്ങുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ് സര്‍ക്കാരിനെ കുറിച്ചാണ് കരട് രാഷ്ട്രീയ പ്രമേയം സംസാരിക്കുന്നതെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നത്.