സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം നല്‍കിയതില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും.ഇ ഡി ഓഫീസുകള്‍ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. എ ഐ സി സി ഓഫീസിന് മുന്നില്‍ നിന്ന് ദില്ലിയിലെ പ്രവർത്തകർ പ്രതിഷേധ മാർച്ചായി ഇഡി ഓഫീസിലെത്തും.
കുറ്റപത്രം 25ന് കോടതി വീണ്ടും പരിഗണിക്കും. രാഷട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന്‍റെ വിമർശനം. ഇതിനിടെ, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്.പണം കൈമാറാത്ത ഇടപാടില്‍ കള്ളപ്പണ നിയമം ബാധകമാകുന്നതെങ്ങനെയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നത് ആലോചിക്കാൻ നേതാക്കള്‍ ഇന്ന് യോഗം ചേരും. ഇതിനിടെ, ഭൂമി ഇടപാട് കേസില്‍ റോബർട്ട് വദ്രയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഹരിയാനയിലെ ഡിഎല്‍എഫ് ഇടപാടില്‍ 50 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തല്‍. ഇന്നലെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് വദ്രയുടെ പ്രതികരണം.