വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി. വിവാഹിതരായ രണ്ട് പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
പരസ്പരം വിവാഹിതരാണെന്ന് അറിഞ്ഞുകൊണ്ട് ഒരു ബന്ധത്തില്‍ ഏർപ്പെടുമ്ബോള്‍, അത് വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ചതാണെന്ന് കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബിഭാസ് രഞ്ജൻ ദേയുടെ വാക്കുകള്‍: ‘ഇരു കക്ഷികളും വിവാഹിതരാണ്, ഇരുവർക്കും തങ്ങളുടെ ദാമ്ബത്യപരമായ ബാധ്യതകളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അതിനാല്‍, അത്തരം സാഹചര്യങ്ങളില്‍ നല്‍കുന്ന സമ്മതം എന്നത് പരസ്പര ആകർഷണത്തില്‍ നിന്നുള്ളതായി കണക്കാക്കണം. അല്ലാതെ തെറ്റായ വാഗ്ദാനത്തില്‍ നിന്നുള്ളതായി കണക്കാക്കാനാവില്ല. ഇരു കക്ഷികളും അവരവരുടെ വിവാഹപരമായ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം.’
2024 സെപ്റ്റംബർ എട്ടിന് ഒരു വിവാഹിത സ്ത്രീ, താനുമായി വിവാഹേതര ബന്ധത്തില്‍ ഏർപ്പെട്ട വിവാഹിതനായ പുരുഷനെതിരെ നല്‍കിയ പരാതിയിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
പുരുഷൻ വിവാഹ വാഗ്ദാനം നല്‍കി തന്നെ ശാരീരിക ബന്ധത്തിലേക്ക് പ്രേരിപ്പിച്ചു എന്ന് സ്ത്രീ ആരോപിച്ചു.എന്നാല്‍, കേസില്‍ പ്രതിക്ക് കുറ്റകരമായ മാനസികാവസ്ഥയോ രഹസ്യമായ ദുരുദ്ദേശ്യമോ സ്ഥാപിക്കാൻ പരാതിയില്‍ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി.
ജസ്റ്റിസ് നടപടികള്‍ റദ്ദാക്കിക്കൊണ്ട്, കേസില്‍ ക്രിമിനല്‍ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പ്രസ്താവിച്ചു.
സ്ത്രീയുടെ ഭർത്താവ് ഈ ബന്ധം കണ്ടെത്തുകയും അവളുമായി വേർപിരിയാൻ തീരുമാനിക്കുകയും ചെയ്തപ്പോള്‍, സ്ത്രീ പുരുഷനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അയാള്‍ വിസമ്മതിച്ചപ്പോള്‍, മയ്നാഗുരി പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 69 (വഞ്ചനാപരമായ മാർഗ്ഗങ്ങളിലൂടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുക), 351(2) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം അവർ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.ഇത്തരം സാഹചര്യങ്ങളില്‍, വിവാഹിതരായ വ്യക്തികള്‍ അറിഞ്ഞുകൊണ്ട് പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏർപ്പെട്ടാല്‍, ആ ബന്ധം വിവാഹത്തില്‍ കലാശിക്കാത്തതുകൊണ്ട് മാത്രം അതിനെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.