ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനത്തിനും ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയതിനും അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ ബിസിസിഐ പുറത്താക്കി. മൂന്നുവർഷ കരാർ പൂർത്തിയാക്കിയ ഫീൽഡിങ് കോച്ച് ടി. ദിലീപ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായ് എന്നിവരെയും ബിസിസിഐ ഒഴിവാക്കി. ബോർഡർ – ഗവാസ്കർ ട്രോഫി 3-1ന് കൈവിട്ട ഇന്ത്യ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാനാകാതെ പുറത്തായിരുന്നു. മെൽബൺ ടെസ്റ്റിനു പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങളുടെ പ്രകടനത്തിൽ അതൃപ്തനായിരുന്നുവെന്നും ഡ്രസ്സിങ് റൂമിൽ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.