ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ഭിന്നശേഷി കുട്ടികൾക്ക് പഠന-പരിശീലനം നൽകുന്നതിന് വഴുതക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോട്ടറി ഇൻസ്റ്റിട്ട്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയറിൽ പുതുതായി നിർമ്മിച്ച പ്ലേ പാർക്കിന്റെയും നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റിന്റേയും ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്കൂൾ ഗെയിംസ് സംഘടിപ്പിച്ചപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്കൂൾ പ്രവർത്തന വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സ്ഥാപനത്തിലെ വിദ്യാർത്ഥിനിയും ദേശീയ പുരസ്‌കാര ജേതാവുമായ അനന്യ ബിജേഷ് ചടങ്ങിൽ ഗാനം ആലപിച്ചു. അനന്യ ബിജേഷിനെ മന്ത്രി അനുമോദിച്ചു.റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം പ്രസിഡന്റ് പ്രേംജിത് ലാല്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍, റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ബീന.ഏ.ആര്‍, സെക്രട്ടറി രമ്യ കെ.എസ്, എസ്.യു.റ്റി ഹോസ്പിറ്റല്‍ സി.ഇ.ഒ രാജീവ് മണ്ണാളി, റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ട്രഷറര്‍ നാരായണസ്വാമി എസ്, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണ്ണർ ടി സന്തോഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.