എറണാകുളത്ത് ടൂറിസ്റ്റ് ബസ് കണ്ടെയ്‌നര്‍ ലോറിക്കു പിന്നിലിടിച്ച് 28 പേര്‍ക്ക് പരിക്ക്. എറണാകുളത്ത് ദേശീയപാതയില്‍ കുമ്പളം ടോള്‍പ്ലാസയ്ക്കടുത്താണ് വാഹനാപകടമുണ്ടായത്. ടൂറിസ്റ്റ് ബസ്സ് കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചു കയറിയാണ് അപകടം. മലപ്പുറത്ത് നിന്ന് തിരിച്ചു വരുകയായിരുന്നു ബസ്. ഇന്നു പുലര്‍ച്ചെ 2.50 ഓടെയായിരുന്നു അപകടമുണ്ടായത്. 28 പേര്‍ക്കു പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ തിരുവനന്തപുരം സ്വദേശികളാണ്.
കുണ്ടന്നൂര്‍ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നത് പതിവു കാഴ്ചയാണ്. ലോറി തിരിക്കാന്‍ വേണ്ടി വേഗത കുറച്ചു വരുമ്പോഴായിരുന്നു ബസ് ഇടിച്ചത്. ഭൂരിഭാഗം ആളുകള്‍ക്കും പരിക്കേറ്റിരിക്കുന്നത് തലയ്ക്കാണ്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണം. ബസ് റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചു വിട്ടത്.പൊലിസും ഫയര്‍ഫോഴ്‌സും ട്രാഫികും ചേര്‍ന്നാണ് പരിക്കേറ്റവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.