ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി. അപകടത്തിൽ 2 മരണം റിപ്പോർട്ട് ചെയ്തു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടം നടക്കുന്ന സമയത്ത് 277 പേർ കപ്പലിലുണ്ടായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് മെക്സിക്കൻ നാവികസേന അറിയിക്കുന്നു. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ന്യൂയോർക്ക് കോസ്റ്റ് ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോൾ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങൾ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ മെക്സിക്കൻ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. കപ്പലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മെക്സിക്കൻ നാവിക സേന വ്യക്തമാക്കി