അക്കാദമിക മാസ്റ്റർ പ്ലാൻ ജൂൺ 15-നകം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്മന്ത്രി വി ശിവൻകുട്ടി.സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാങ്ങോട് എൽ പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമഗ്ര ഗുണമേന്മാ വർഷമായി 2025-26 അധ്യയന വർഷത്തെ പരിഗണിക്കും. സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കി വരുകയാണ്. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ വച്ചു തന്നെ നേടി എന്ന് ഉറപ്പാക്കുക എന്നത് സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമാണ്. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളിൽ ആവശ്യമായ പഠനപിന്തുണ ഉറപ്പാക്കി പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ട് വെച്ച സാമൂഹികമൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാകുന്നതരത്തിൽ പഠനപ്രക്രിയകളെ വികസിപ്പിക്കും.
പല കുട്ടികൾക്കും അവർ പഠിച്ച പഠനവസ്തുതകൾ തുടർപഠനത്തിന് ഉപയോഗിക്കണമെങ്കിൽ അക്കാര്യങ്ങൾ വീണ്ടും ഉൾപ്പെടുത്തി അനുഭവതലം ഒരുക്കേണ്ടി വരും. എന്നാല്‍ മാത്രമേ അവർ ഇനി പഠിക്കേണ്ട പാഠപുസ്തകങ്ങളിലേക്ക് സ്വാഭാവികമായും പ്രവേശിക്കാൻ കഴിയൂ. ഏതെങ്കിലും മേഖലയിൽ പഠനവിടവുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം സ്കൂള്‍ വര്‍ഷാരംഭത്തിൽ അനിവാര്യമാണ്. ഇത് തുടര്‍ന്നും നടക്കേണ്ട പ്രക്രിയയാണ്. അതുകൊണ്ട് കുട്ടികളുടെ പഠനനില മനസ്സിലാക്കി സ്കൂൾ തുറന്ന ഘട്ടത്തിൽ തന്നെ അവർ കടന്നുവന്ന ക്ലാസിലേയും പുതിയ ക്ലാസ്സിലെയും പഠനത്തിന്റെ തുടർച്ച ഉറപ്പാക്കുന്ന ഒരു ബ്രിഡ്ജിങ് ആവശ്യമാണ്. ഇത്തരം ബ്രിഡ്ജിങ്ങിനായി ഉപയോഗിക്കുന്ന ഉപാധികൾ കുട്ടികളില്‍ ഉണ്ടാകേണ്ട സാമൂഹ്യമൂല്യങ്ങൾ കൂടി ഉളവാക്കാൻ സഹായമാകുന്നത് ഉചിതമാകും.
കുട്ടികൾ ആദ്യഘട്ടത്തിൽ അറിയേണ്ട പൊതുകാര്യങ്ങൾ സ്കൂൾ തുറന്ന് ആദ്യദിവസങ്ങളിൽ തന്നെ കുട്ടികളിൽ എത്തിക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണ പരിപാടി എന്ന നിലയിലല്ല കാണേണ്ടത്. പാഠ്യപദ്ധതിയുടെ ഭാഗമായ പാഠപുസ്തകങ്ങളിൽ ഈ ആശയങ്ങൾക്കെല്ലാമിടമുണ്ട്. അതതു സമയങ്ങളിൽ അവ ആഴത്തിൽ കുട്ടികളെ പരിചയപ്പെടുത്തണം. അവയ്ക്കെല്ലാം ഒരു ആമുഖം എന്ന നിലയിലാണ് സ്കൂൾ പ്രവര്‍ത്തനാരംഭത്തിൽ ഇവ അവതരിപ്പിക്കുക. ഒപ്പം തന്നെ രണ്ടാഴ്ച കാലത്തേയ്ക്ക് ദിവസവും ഒരോ മണിക്കൂർ വിവിധ വിഷയങ്ങളിൽ പൗരബോധം ഉളവാക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി, കുട്ടികളുടെ ആരോഗ്യത്തേയും സുരക്ഷയേയും മുൻനിർത്തിയുള്ള മാർഗ്ഗനിർദേശങ്ങൾ പാലിച്ച്, എല്ലാ സ്‌കൂളുകളും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലറിലൂടെയും, വിദ്യാഭ്യാസ ഓഫീസർമാർക്കായി നൽകിയ നിർദ്ദേശങ്ങളിലൂടെയും സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രാസൗകര്യം, പരിസര ശുചിത്വം, ഉച്ചഭക്ഷണ പദ്ധതി ആസൂത്രണം, പ്രവേശനോത്സവം, സ്കൂൾ പരിസര സുരക്ഷ, ഈതെല്ലാം സഹകരണത്തോടെ നടപ്പാക്കേണ്ടതുണ്ട്. അവലോകന യോഗങ്ങൾ മുഖേന പ്രദേശങ്ങൾ തിരിച്ചുള്ള വിലയിരുത്തലുകൾ നടത്തിയതും അതിന്റെ അടിസ്ഥാനത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയതും പുതിയ അധ്യയന വർഷം നേരത്തെ തന്നെ ഏകോപിപ്പിക്കാൻ വേണ്ട പ്രവർത്തനം നടത്തിയിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് പ്രവർത്തനം തുടരേണ്ടത്. പണി നടക്കുന്ന ഭാഗങ്ങൾ മറച്ചുകെട്ടുകയും, ഉപകരണങ്ങൾ കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള പ്രശ്നം ഉണ്ടാക്കാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. തൊഴിലാളികളുടെ സാന്നിധ്യം ശാസ്ത്രീയമായി നിയന്ത്രിക്കുകയും, അവരുടെ വിവരങ്ങൾ കരാറുകാരൻ റെജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം.
വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ, മറ്റ് അപകട സാധ്യതയുള്ള ഘടകങ്ങൾ എല്ലാം ശ്രദ്ധാപൂർവം പരിശോധന നടത്തി അതിനോടനുബന്ധിച്ചുള്ള സുരക്ഷാ ഭിത്തികൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കപ്പെടണം. സ്‌കൂൾ മുറ്റത്തും കെട്ടിടങ്ങളിലുമുള്ള ഇഴജന്തു ശങ്കകൾ പരിഹരിച്ച് ശാന്തമായ പഠനപരിസരം ഒരുക്കണം.
ഈ നിർദേശങ്ങൾ ഓരോ സ്‌കൂളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ, ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പ്രത്യേക പരിശോധനാ ടീമുകളെ നിയോഗിക്കും. ഈ സംയുക്ത ശ്രമത്തിലൂടെ മാത്രമാണ് വിദ്യാഭ്യാസത്തെ സുരക്ഷിതവും ശുചിത്വപരവുമായ സാഹചര്യത്തിലേക്ക് നയിക്കാനാകുക.സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ദൗത്യത്തിന്‍റെ പുരോഗതിയിൽ, അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.മേയർ ആര്യാ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.