കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ശശി തരൂര്‍ എം പി. അടിയന്തരാവസ്ഥയേയും ഇന്ദിരാഗാന്ധിയേയും അതിനിശിതമായി വിമര്‍ശിച്ചുള്ള തരൂരിന്റെ ലേഖനം ബിജെപിക്ക് ആയുധമായി മാറിയ സാഹചര്യത്തില്‍ ഹൈക്കമാന്റും കടുത്ത വിയോജിപ്പിലാണ്. കോണ്‍ഗ്രസിന്റെ ഐക്കണായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും വിമര്‍ശിക്കുന്ന ലേഖനം പാര്‍ട്ടിയെ വെട്ടിലാക്കുമെന്ന വ്യക്തമായ ബോധ്യത്തോടെയാണ് തരൂര്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്. എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. എന്തായാലും, പാര്‍ട്ടിക്ക് തരൂരിനെ കൂടുതല്‍ക്കാലം കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തം.കഴിഞ്ഞ ആറുമാസക്കാലമായി തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രതികരണങ്ങള്‍ നടത്തുമ്പോഴും പാര്‍ട്ടി നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. നാലാംവട്ടം തിരുവനന്തപുരത്തുനിന്നും വിജയിച്ചവേളയില്‍ പാര്‍ലമെന്റില്‍ ഉപനേതാവായി പരിഗണിക്കപ്പെടുമെന്ന് തരൂര്‍ കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തരൂരിന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമായിരുന്നില്ല. വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും ദേശീയതലത്തില്‍ തരൂരിന് ചുമതലകള്‍ ഒന്നും നല്‍കിയിരുന്നില്ല. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും തരൂരിനെ മാറ്റിയതും, യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലവേണമെന്ന തരൂരിന്റെ ആവശ്യം തള്ളിയതും അഭിപ്രായ ഭിന്നതയ്ക്ക് കാരണമായി. ദേശീയ നേതൃത്വം നിരന്തരമായി അവഗണിക്കുന്നുവെന്നായിരുന്നു തരൂരിന്റെ പരാതി.

