രണ്ട് ചിത്രങ്ങളും വി.എസും: ഒരേ കേരളം, രണ്ട് കാഴ്ചകൾ

എം കുഞ്ഞാപ്പ

കപടമുഖം പുറത്ത്; വി.എസ് കുപ്പായമൂരി അമ്പലത്തിൽ!

ഒരു ക്ഷേത്രത്തിൽ കയറുന്നതോ ക്ഷേത്രത്തിൽ കയറുമ്പോൾ ചെരുപ്പും ഷർട്ടും ഊരി അവിടത്തെ ചിട്ടകൾ അനുസരിക്കുന്നതോ വലിയ കുറ്റമാണോ? 2002ൽ മാധ്യമങ്ങൾ അങ്ങനെയൊരു വിവാദം ഏറ്റുപിടിച്ചു. മലപ്പുറത്താണ് സംഭവം. വി.എസ് അമ്പലത്തിൽ കയറിയെന്നും അപ്പോൾ മറ്റെല്ലാവരും ചെയ്യുന്ന പോലെ ഷർട്ട് അഴിച്ചു എന്നതുമാണ് വിവാദമായത്. കൂടെയുള്ള എല്ലാവരും കുപ്പായമിടാതെയാണ് നിൽക്കുന്നത് എന്നത് ചിത്രത്തിൽ കാണാം. അതൊന്നും വിഷയമല്ല, VS കുപ്പായമൂരി എന്നതാണ് പ്രശ്നം! വാസ്തവത്തിൽ സംഭവിച്ചത് എന്താണെന്നോ?

പന്തലൂർ ഭഗവതി ക്ഷേത്രം വക ഭൂമി മനോരമ, ദേവസ്വത്തിൽ നിന്ന് പാട്ടത്തിനെടുത്ത് കാപ്പിയും തെങ്ങും റബറും ഒക്കെ കൃഷി ചെയ്തിരുന്നു. 100 വർഷത്തെ കാലാവധി കഴിഞ്ഞിട്ടും ഭൂമി വിട്ടു കൊടുത്തില്ല. ക്ഷേത്ര കമ്മിറ്റിക്കാർ കേസുകൊടുത്തു. സഖാവ് വി.എസ്സിനെക്കണ്ട് വിശദമായി കാര്യവും പറഞ്ഞു. പന്തലൂരിൽ നേരിട്ടെത്തി ക്ഷേത്രവും ഭൂമിയും സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ട ശേഷം vs കേസിൽ കക്ഷിചേർന്നു.

ഈ അന്വേഷണവുമായി ബന്ധപ്പെട്ട vs ൻ്റെ വരവ്, കേസിൽ കക്ഷി ചേർന്നത് എല്ലാം വലിയ വാർത്താ പ്രാധാന്യം നേടേണ്ടതായിരുന്നു. എന്നാൽ, അത് കുപ്പായമൂരിയ കേസായി പത്രങ്ങളും ചാനലുകളും നിലവാരം കുറഞ്ഞ ആഘോഷമാക്കി. vs തിരുവനന്തപുരത്തു നിന്ന് പന്തലൂർ ക്ഷേത്രത്തിൽ രഹസ്യമായി തൊഴാൻ വന്നതു പോലെയായി കാര്യങ്ങൾ. vip പരിഗണന കിട്ടാതെ കുപ്പായമൊക്കെ ഊരി കക്ഷത്തു വെച്ച കാർട്ടൂണുകൾ സകല പത്രങ്ങളും കൊടുത്തു. രണ്ടാഴ്ചയോളം നിന്നു ഇതിൻ്റെ അലകൾ! മാതൃഭൂമിയുടെ ‘നർമഭൂമി’ ഉള്ള കാലമാണ്. പത്രത്തോടൊപ്പം വരുന്ന നാലു പേജുള്ള ടാബ്ലോയിഡിൻ്റെ ഒറ്റ ലക്കത്തിൽ ആറു കാർട്ടൂൺ ഉണ്ടായിരുന്നു! പിന്നെയാണ് അബദ്ധം തിരിഞ്ഞത്. ഭൂമി കൈയടക്കിവെച്ച കഥയും കേസിൻ്റെ കാര്യങ്ങളും ജനമറിയാതിരിക്കാൻ മനോരമ പറ്റിച്ച പണിയായിരുന്നു അത്. മനോരമ ഇട്ട ചൂണ്ടയിൽ എല്ലാവരും കൊത്തി. വായനക്കാരുടെ ശക്തമായ പ്രതിഷേധം വന്നതോടെ മാതൃഭൂമി പ്രായശ്ചിത്തം ചെയ്തു. ഭൂമി കൈയേറ്റത്തിനെതിരെ പന്തലൂരിൽ നടന്ന ജനകീയ റാലിയുടെ ചിത്രവും വാർത്തയും ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. (രണ്ടാം ദിവസം തിരുവനന്തപുരത്തെ STD ബൂത്തിൽ കയറി ഒരു പത്രത്തിലെ ന്യൂസ് എഡിറ്ററെ വിളിച്ച് കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്ത് എൻ്റെ 68 രൂപ പോയതല്ലാതെ പ്രയോജനമുണ്ടായില്ല, അവർ പിന്നെയും ഊരിയ കുപ്പായത്തിൻ്റെ പിന്നാലെ തന്നെ കൂടി എന്നത് ഓർക്കാതിരിക്കാനാവില്ല.)

പല തവണ VS ക്ഷേത്ര കമ്മിറ്റിക്കാരോടൊപ്പം കേസിനു വേണ്ടി സഞ്ചരിച്ചു. “വി.എസിനെ കൊണ്ടുനടക്കാൻ സുഖമാണ്, നാല് ഓറഞ്ചും ഒരു കുപ്പി വെള്ളവും ഉണ്ടായാൽ മതി. വല്ലാത്തൊരു മനുഷ്യനാണത് ” എന്ന് സമരസമിതി കൺവീനറായിരുന്ന കെ.പി. മണികണ്ഠൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. എന്തായാലും കോടതി വിധിയിലൂടെ ഭൂമി തിരിച്ചു കൊടുക്കുന്നതു വരെ VS ക്ഷേത്ര കമ്മിറ്റിക്കാരോടൊപ്പം നിന്നു.

രണ്ട്

അറിയാതെ പോയ കൈയേറ്റം

തിരുവനന്തപുരം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഒരു Bata ഷോറൂമുണ്ട്. Selected itemsന് 50% വിലക്കുറവ് കണ്ട് കയറിയതാണ്. അപ്പോഴാണ് സഖാവ് വി.എസ്സും ഒരു സഹായിയും കൂടി വരുന്നത്. അന്ന് സഖാവ് പ്രതിപക്ഷ നേതാവാണ്.

“കാട്ടിലും മലയിലുമൊക്കെ കയറാൻ പറ്റിയ ഷൂ വേണം.”

വി.എസ് പറഞ്ഞു.

ചെറു ചിരിയോടെ കടയിലെ ജോലിക്കാർ ധൃതിയിൽ ഷൂകൾ എടുക്കാൻ തുടങ്ങി. ഞാൻ ആദരവോടെയും കൗതുകത്തോടെയും അരികിലേക്കു മാറി നോക്കി നിന്നു. സഖാവ് ഷൂ ഇട്ട് രണ്ടാവർത്തി നടന്നു; നമ്മൾ കാർട്ടൂണിൽ കാണുന്ന പഴയ VS നെപ്പോലെ! തലയുയർത്തി വലിയ ഗമയിൽ നടക്കുന്നതു പോലെ അഭിനയിച്ച്, അദ്ദേഹം അത് നന്നായി ആസ്വദിച്ചു. എല്ലാവരും ചിരിച്ചു. ചിരിയോടെ തന്നെ സഖാവ് പറഞ്ഞു.

“ഇതു മതി.”

രണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം മാധ്യമത്തിലെ ഫോട്ടോഗ്രാഫർ ജോൺസൻ്റെ ഫോൺ വരുന്നു. ജോലി സമയമാണ്.

“ടാ ഒരു പടം കിട്ടിയിട്ടുണ്ട്. വി.എസ്സിൻ്റെ. നീ നോക്കീട്ട് ഒരു CutCaption ഇട്ടു താ.”

ചിത്രം Mail അയച്ചു തന്നു. അടിപൊളി!

പൂയംകുട്ടിയിൽ ഉൾക്കാടിനകത്ത് വനം കൈയേറ്റം നടക്കുന്നതായി രഹസ്യവിവരം കിട്ടിയിട്ട് സഖാവ് കാടു കയറിയതാണ്. വിവരമറിഞ്ഞ് പത്രക്കാരും കൂടെക്കൂടി. മലകയറ്റം കഠിനം തന്നെയാണല്ലോ! കുറേ കയറിയപ്പോൾ പത്രക്കാർക്കു മടുത്തു. “ഇവിടെ ഒരു പുല്ലും ഇല്ല” എന്ന് പലർക്കും തോന്നിത്തുടങ്ങി. അവർ വേഗത്തിൽ മലകയറാൻ തുടങ്ങി. ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി vs നു മുമ്പേ മലയിറങ്ങാനാണ് പലർക്കും തിടുക്കം. വി.എസ് പിന്നിൽ പതുക്കെ കയറിവന്നു. ജോൺസൺ വി.എസ്സിനൊപ്പമാണ് നടന്നത്. കുറച്ചു നടന്നപ്പോൾ എന്തോ സംശയം തോന്നി അദ്ദേഹം നിന്നു. സഹായികൾ പരിശോധിച്ചപ്പോൾ അട്ട!

“എനിക്കു മാത്രേ കിട്ടിയിട്ടുള്ളൂ. ഞാനേ കൂടെ ഉണ്ടായിരുന്നുള്ളൂ.”

ജോൺസൺ പറഞ്ഞു.

“കാട്ടിനകത്തു ചെന്നപ്പൊ ഞെട്ടിപ്പോയി. പുറത്തൊന്നും ഒരു ലക്ഷണവും ഇല്ല. ഉൾക്കാട്ടിൽ മരങ്ങളിങ്ങനെ വെട്ടിനിരത്തിയിരിക്കുന്നു! അതിൻ്റെ പടങ്ങൾ വേറെയുണ്ട്. അതാവും എല്ലാവരും കൊടുക്കുക.”

അപ്പോൾ, ഞാൻ CutCaption ഇങ്ങനെ എഴുതി:

“അറിയാതെ പോയ കൈയേറ്റം.”

എല്ലാവർക്കും അതിഷ്ടമായി. പിന്നീട് തിരുവനന്തപുരം VJT ഹാളിൽ News Photographer മാർ എടുത്ത vs ചിത്രങ്ങളുടെ പ്രദർശനം നടന്നപ്പോൾ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഈ ചിത്രമായിരുന്നു. അതിനു മുമ്പിൽ നിന്ന് സഖാവും പത്നിയും പൊട്ടിച്ചിരിക്കുന്ന ചിത്രം എല്ലാവരും കാമറയിൽ പകർത്തി.

ചിത്രം:

അറിയാതെ പോയ കൈയേറ്റം:

പൂയംകുട്ടിയിലെ വനം കൊള്ള അന്വേഷിക്കാൻ കാടും മലയും കയറിപ്പോയ സ. വിഎസ്സിനെ അട്ട കടിച്ചപ്പോൾ / ജോൺസൺ വി. ചിറയത്ത് (മാധ്യമം) എടുത്ത ചിത്രം

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....