പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.തൊണ്ടയില്‍ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍ പുതുപ്പള്ളി പറമ്പില്‍ റൂബി -അനു ദമ്പതികളുടെ മകൻ ഏയ്ബല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. മിഠായി തൊണ്ടയില്‍ കുടുങ്ങിയെന്ന് കരുതി കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി തൃശൂർ ജില്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തൊണ്ടയില്‍ കുടുങ്ങിയത് അമരയ്ക്ക കുരുവാണെന്ന് കണ്ടെത്തിയത്.പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഏയ്ബലിന് ഒരു സഹോദരനുണ്ട്. ആറാം ക്ലാസ് വിദ്യാർഥി ആരോണ്‍.കുഞ്ഞിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയാല്‍ ചെയ്യേണ്ടത്കുഞ്ഞിന് ശക്തമായി ചുമക്കാനും കരയാനും ശ്വാസമെടുക്കാനും കഴിയുന്നുണ്ടെങ്കില്‍ ചുമച്ച് വസ്തു പുറത്തുകളയാൻ പ്രോത്സാഹിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യണം.
ചുമ ദുർബലമാകുകയോ ശ്വാസമെടുക്കാൻ കഴിയാതാകുകയോ ചെയ്താല്‍ ഉടൻ ഇടപെടണം.കുഞ്ഞുങ്ങളുടെ തൊണ്ടയില്‍ ഭക്ഷണമോ ചെറിയ വസ്തുക്കളോ കുടുങ്ങുന്നത് അതീവ അപകടകരമായ സാഹചര്യമാണ്. പ്രത്യേകിച്ച് ശ്വാസനാളത്തില്‍ കുടുങ്ങിയാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജീവന് ഭീഷണിയാകാം. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പരിഭ്രാന്തരാകാതെ പ്രായത്തിനനുസരിച്ചുള്ള പ്രഥമശുശ്രൂഷ നല്‍കുകയും അടിയന്തര വൈദ്യസഹായം തേടുകയും വേണം.പെട്ടെന്ന് ചുമക്കുകയോ ശ്വാസംമുട്ടുകയോ ചെയ്യുക, കരയാനോ ശബ്ദമുണ്ടാക്കാനോ കഴിയാതിരിക്കുക, ശ്വാസമെടുക്കുമ്പോള്‍ അസാധാരണമായ ശബ്ദം കേള്‍ക്കുക, ശ്വാസമെടുക്കാനാകാതെ പരിഭ്രാന്തി പ്രകടിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ കുട്ടികളുടെ തൊണ്ടയില്‍ എന്തെങ്കിലും കുടുങ്ങിയതിന്റെ ലക്ഷണങ്ങളാണ്.

