മന്ത്രി കെ.ബി.ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്ക കേസിൽ നിർണായക വഴിത്തിരിവ്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി ഫൊറൻസിക് റിപ്പോർട്ട്.
വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് സ്‌ഥിരീകിരച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്തു വന്നു. വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്‌റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ഇതോടെ കേസിൽ കെ.ബി.ഗണേഷ്കുമാറിന്റെ നിലപാടിന് അനുകൂലമാണ് കണ്ടെത്തൽ. ഈ തർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വർഷം മന്ത്രി സ്ഥാനത്തു നിന്ന് കെ.ബി.ഗണേഷ്കുമാറിനെ മാറ്റി നിർത്തിയത്.