ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്ന ആമിർ ഖാനും ലോകേഷ് കനഗരാജും ഒരുമിച്ച് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ലോകേഷ് കനഗരാജ് തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ആമിർ ഖാന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റ് പങ്കുവെച്ചത്. ഇതോടെ ലോകേഷ് കനഗരാജ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാൻ വില്ലൻ വേഷത്തിലെത്തുന്നു എന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തിപ്പെട്ടു.ജന്മദിനാശംസകൾ നേരുന്നു സാർ, നമ്മൾ തമ്മിലുണ്ടായ മഹോഹരമായ സംഭാഷണങ്ങൾക്ക് നന്ദി, കഥ പറച്ചിലിൽ താങ്കൾക്കുള്ള ഉൾക്കാഴ്ചയും പാഷനും എന്നെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. വീണ്ടും താങ്കളുടെ മായാജാലം തിരശീലയിൽ തെളിയട്ടെ, ഈ ദിനം താങ്കളുമായി പങ്കിടാൻ സാധിച്ചതിൽ സന്തോഷം” ലോകേഷ് കനഗരാജ് എക്‌സിൽ കുറിച്ചു.കൂലിയുടേതായി ഇതുവരെ ടൈറ്റിൽ ടീസറും ഒരു ഗാനത്തിന്റെ പ്രമോയും മാത്രമേ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ടായിരുന്നുള്ളു. ചിത്രത്തിന്റെ ഭാഗമായ ഇരുവരുടെയും ജന്മദിനത്തിലും ചിത്രത്തിന്റെ യാതൊരു അപ്പ്ഡേറ്റും പുറത്തുവിടാത്തതിൽ ആരാധകർ പോസ്റ്റിനു കീഴിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂലിയിൽ ഒരു ഐറ്റം നമ്പർ ചെയ്യുന്ന പൂജ ഹെഗ്‌ഡെയുടെ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് അതിന്റെയും മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടിരുന്നിട്ടില്ല.ലോകേഷിന്റെ കൈതി, വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളിൽ ലഹരിമരുന്ന് കടത്തായിരുന്നു പ്രമേയമായിരുന്നതെങ്കിൽ കൂലിയിൽ സ്വർണ്ണക്കടത്ത് ആണ് വിഷയം. ചിത്രത്തിൽ രജനികാന്തിനൊപ്പം സൗബിൻ ഷാഹിർ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയ വമ്പൻ താരനിരയുമുണ്ട്. ആമിർ ഖാൻ ചിത്രത്തിലുണ്ട് എന്ന റിപ്പോർട്ടുകൾ വന്നതുമുതൽ രജനി ആരാധകർ ഫാൻമേഡ് പോസ്റ്ററുകൾക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു.