കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി.സർവകലാശാല അധികൃതരുടെയും സർക്കാരിന്റെയും നടപടികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. സമരം നീളുകയാണെങ്കില്‍ താനും വിദ്യാർഥികള്‍ക്കൊപ്പം സമരപ്പന്തലില്‍ കുത്തിയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് മറുപടി പറയുകയാണ് വേണ്ടതെന്നും അല്ലാതെ മാപ്പുപറയിച്ച് നടപടിയെടുക്കുകയല്ല വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്രത്തിലെ മോദി സർക്കാരിനെപ്പോലെയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സർക്കാരും പെരുമാറുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർഗ്ഗവാസനയില്ലാത്ത ആളാണ് കാലടി സർവകലാശാലാ വി.സി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരപ്പന്തലിലെത്തിയ പ്രകാശ് രാജ് നിരാഹാരമനുഷ്ഠിക്കുന്ന പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരുമായും മറ്റ് വിദ്യാർഥികളുമായും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തിയേറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കുക, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ച് വൈസ് ചാൻസലറെ പ്രതീകാത്മകമായി ശവസംസ്‌കാരം നടത്തിയെന്നാരോപിച്ചാണ് അധികൃതർ നടപടിയെടുത്തതെന്നാണ് എസ്.എഫ്.ഐ വ്യക്തമാക്കുന്നത്. നവംബർ രണ്ടിന് ചേർന്ന സിൻഡിക്കേറ്റ് യോഗം 12 വിദ്യാർഥികള്‍ മാപ്പെഴുതി നല്‍കിയാല്‍ സസ്‌പെൻഷൻ പിൻവലിക്കാമെന്നും 4 പേരുടെ സസ്‌പെൻഷൻ രണ്ടുമാസം കൂടി നീട്ടാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികള്‍.

