നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജി, ഹണി എം. വർഗീസിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ ഇന്ന് വിധി.ഹൈക്കോടതിയാണ് കേസിൽ വിധി പറയുക.അതിജീവിതയുടെ അഭിഭാഷകയായ ടി ബി മിനി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ആണ് വിധി പറയുക.കോടതിയിൽ ഉറങ്ങുകയായിരുന്നു, വിചാരണ നടപടികൾക്ക് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ഹാജരായത് തുടങ്ങി അഭിഭാഷക ടി ബി മിനിക്കെതിരെ ജഡ്ജി ഹണി എം വർഗീസ് നടത്തിയ പരാമർശങ്ങൾ അപകീർത്തികരമെന്നാണ് ഹർജിയിൽ പറയുന്നത്.പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ തനിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണവും, അധിക്ഷേപവും ഉണ്ടായെന്നും ടി ബി മിനി ചൂണ്ടിക്കാട്ടിയിരുന്നു.മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് ഹർജിക്കാരിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.എന്നാൽ മാധ്യമങ്ങൾ കോടതിയിൽ ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് ജഡ്ജിയുടെ ജോലിയല്ലെന്ന് ആയിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ്റെ നിരീക്ഷണം.പരാമർശങ്ങൾ ജുഡീഷ്യൽ റെക്കോർഡിൽ വന്നിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഇടപെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.മാധ്യമങ്ങളിൽ വന്ന പരാമർശങ്ങൾക്കെതിരെ പ്രസ് കൗൺസിലിനെ സമീപിക്കുന്നതടക്കമുളള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.വാദം പൂർത്തിയായ സാഹചര്യത്തിലാണ് ഹർജിയിൽ കോടതി ഇന്ന് വിധി പറയുന്നത്.നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടത്താൻ ഒരു വനിതാ ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് 2019ൽ ഹണി എം വർഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. അന്ന് ഹണി എം വർഗീസ് സി ബി ഐ സ്പെഷ്യൽ കോടതി ജഡ്ജിയായിരുന്നു.
പിന്നീട് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായും സേവനമനുഷ്ടിച്ചു.നടിയെ ആക്രമിച്ച കേസിലെ സുപ്രധാന വിധി പ്രസ്താവം ഹണി എം വർഗീസിന്റേതായിരുന്നു.

