കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് യാത്ര സർവീസ് ഒരുക്കുന്ന ഏഴ് ബോട്ടുകളുടെ പെട്രോൾ ടാങ്കിലാണ് ഉപ്പു കല്ല് ഇട്ട് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു.കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് 36 ബോട്ടുകളാണ് ആമ്പൽ വസന്ത കാഴ്ചകൾ കാണാൻ എത്തുന്നവർക്ക് സർവീസിനായി ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഏഴ് ബോട്ടുകളുടെ പെട്രോൾ ടാങ്കിലാണ് സാമൂഹ്യവിരുദ്ധർ ഉപ്പ് കല്ല് നിക്ഷേപിച്ച് നശിപ്പിച്ചിരിക്കുന്നത്.കാഞ്ഞിരം സ്വദേശികളായ ദിബിൻ കുറ്റിതാരാടി, പീതാംബരൻ പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരൺ കളത്തിൽ, അച്ചു കുട്ടൻ കുമ്പളങ്കേരി, നോബിൾ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകളുടെ പെട്രോൾ ടാങ്കിലാണ് ഉപ്പ് നിക്ഷേപിച്ചത്.ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്.ഇനിയും ഏകദേശം 15 ദിവസം കൂടി മലരിക്കൽ കേന്ദ്രീകരിച്ചുള്ള ആമ്പൽ വസന്തം തുടരുമെന്നിരിക്കെ ഇവർക്ക് ലഭിക്കേണ്ടെ ദിവസേന വരുമാനവും നഷ്ടമായിരിക്കുന്ന അവസ്ഥയിലാണ്.ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഇവിടെ ഉണ്ടാകുന്നതെന്നും ഉടമകൾ പറയുന്നു.ഇന്ന് പുലർച്ചെ ആമ്പൽ വസന്തം കാണാൻ എത്തിയ സഞ്ചാരികളുമായി പാടശേഖരത്തേക്ക് യാത്ര നടത്തുന്നതിനിടെ ബോട്ട് ഓഫായി പോയതോടെ നടത്തിയ പരിശോധനയിലാണ് പെട്രോൾ ടാങ്കിൽ ഉപ്പ് കല്ല് ഇട്ടതായി കണ്ടെത്തിയത്.തുടർന്ന് കടവിലുള്ള മറ്റ് ബോട്ട് ഉടമകളെയും വിവരമറിയിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് 7 ബോട്ടുകളിലെ ടാങ്കിൽ കൂടി ഉപ്പ് വിതറിയതായി കണ്ടെത്തിയത്.മലരിക്കലിലെ മൂന്ന് കടവുകൾ കേന്ദ്രീകരിച്ച് ഈ ആമ്പൽ സീസണിൽ മാത്രം 200 ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്.സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി.

