കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമാപിച്ചു. സര്‍വകക്ഷിയോഗത്തില്‍ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതല്‍ കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ തീരുമാനമായി. ആര്‍ആര്‍ ടിയുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സമീപപ്രദേശങ്ങളില്‍ ആര്‍ആര്‍ടി സഹായം തേടും. ചില പ്രദേശങ്ങളില്‍ താല്‍ക്കാലിക തൂക്കുവൈദ്യുത വേലി സ്ഥാപിക്കും. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം അനുവദിക്കും. അടിക്കാടുകള്‍ വെട്ടുന്നതില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആറളം ഫാമാണ്. വനമേഖലയില്‍ സിസിഎഫ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക ജോലി നല്‍കുന്നതിന് തീരുമാനമായിട്ടുണ്ട്. എഐ സാധ്യത പ്രയോജനപ്പെടുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ആനമതില്‍ നിര്‍മാണം ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും അടുത്ത മാസം പണി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.