ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകള്‍ സ്പെഷല്‍ കൂപ്പണ്‍ വഴി വാണിജ്യവല്‍ക്കരിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ പള്ളിയോട സേവാസംഘം. 250 രൂപാ നിരക്കില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 27 മുതല്‍ വള്ളസദ്യ ലഭ്യമാക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ പള്ളിയോട സേവാസംഘം എതിര്‍പ്പിലാണ്.പള്ളിയോട സേവാസംഘം ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് സ്പെഷല്‍ കൂപ്പണിലൂടെ വള്ളസദ്യ വഴിപാട് നടത്തുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദഭവന് എന്നിവര്‍ അറിയിച്ചു. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിന് ജൂലൈ 13 മുതല്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോടങ്ങള്‍ക്കായി വഴിപാട് വള്ളസദ്യകള്‍ നടന്നുവരികയാണ്. ഇത് ഒക്ടോ രണ്ട് വരെ തുടരും.

