കാസർഗോഡ് മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി.കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ഒരു സ്‌കൂള്‍ ബസ് ഡ്രൈവറാണ് ഇയാള്‍. മംഗളൂരു മുല്‍ക്കി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫിനെ വ്യക്തി വൈരാഗ്യം മൂലം കൊന്ന് കിണറ്റില്‍ ഇടുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മഞ്ചേശ്വരം കുഞ്ചത്തൂരിലെ ആളൊഴിഞ്ഞ പറമ്ബിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മുഹമ്മദ് ഷരീഫിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും കൈയിലും വെട്ടേറ്റപാടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ഷരീഫിന്റെ ഓട്ടോ വിളിച്ച് അഭിഷേക് ഷെട്ടി കുഞ്ചത്തൂരില്‍ എത്തുകയും അവിടെവെച്ച് കൊല നടത്തുകയുമായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. 280ലേറെ സിസി ടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. കുറ്റകൃത്യത്തിന് ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം.