കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) ചെയർമാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി.
ഇതോടെ ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളിൽനിന്നും അദ്ദേഹം മാറിയിരിക്കുകയാണ്.
ലേബർ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല നൽകിയിരിക്കുകയാണ്.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് ബിജു പ്രഭാകറിന്റെ സ്ഥാനമാറ്റം.
നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിയിരുന്നു.
ഇതിനു പിന്നാലെ അവധിയിൽ പോകുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 19നാണ് അദ്ദേഹത്തെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
അവധി കഴിഞ്ഞു ജോലിയിൽ തിരികെ പ്രവേശിച്ച ദിവസം തന്നെയായിരുന്നു നടപടി.
റോഡ്, ജലഗതാഗതം വകുപ്പിൽ നിന്നായിരുന്നു മാറ്റം.
പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു.
റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതലയിലും ബിജു പ്രഭാകർ തുടരുന്നുണ്ട്.