കോണ്‍ഗ്രസ് നേതാവിനൊപ്പം സെല്‍ഫിയെടുത്ത പഞ്ചായത്ത് അംഗത്തെ ബിജെപി പുറത്താക്കി. കാസർഗോഡ് എൻമകജെ പഞ്ചായത്ത് അംഗം മഹേഷ് ഭട്ടിനെതിരെയാണ് ബിജെപി അച്ചടക്ക നടപടി എടുത്തത്. ഓപ്പറേഷൻ ഹസ്ത എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് നേതാവ് മഹേഷിനൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പാർട്ടി വിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.ഒരുമാസം മുൻപ് പഞ്ചായത്ത് ഓഫിസില്‍ ഇരുവരും സെല്‍ഫി എടുത്തിരുന്നു. ‘4 വർഷത്തെ വിജയകരമായ ഓപ്പറേഷൻ. ഓപ്പറേഷൻ ഹസ്ത ഇപ്പോഴും തുടരുന്നു. ഞങ്ങള്‍ എട്ടല്ല. ഒൻപതാണ്’ എന്ന അടിക്കുറിപ്പോടെയാണ് മഹേഷ് ഭട്ടിനൊപ്പമുള്ള ചിത്രം രാധാകൃഷ്ണ നായിക് പങ്കുവച്ചത്.