കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട് ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിത്താഴ്ന്നതിൽ ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്വേഷണം തുടങ്ങി.കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട് മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റൻ, ജോലിക്കാർ എന്നിവരിൽനിന്ന് മൊഴിയെടുക്കും.കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും.വലിയ കപ്പലിൽനിന്നു ട്രാൻസിസ്റ്റ് ചെയ്തപ്പോൾ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും. പ്രാഥമിക കണക്കെടുപ്പിൽ 500-600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഫീഡർ കണ്ടെയ്‌നർ കപ്പലുകൾക്ക് നിലവിൽ 150-200 കോടി രൂപയാണ് നിർമാണച്ചെലവ്.30 വർഷം പഴക്കമുള്ള എൽസ -3 കപ്പലിന് 80- 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകൾക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇൻഷൂറൻസ് ലഭിക്കുമെന്നതിനാൽ കപ്പലിനുള്ള തുക നഷ്ടമാകില്ല.ചരക്കുകളിൽ എല്ലാം ഇൻഷൂർ ചെയ്തിട്ടില്ലെന്നാണ് സൂചന.