‘കരുതലും കൈത്താങ്ങും അദാലത്ത്’. സെറിബ്രൽ പാൾസി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായം നൽകാൻ മന്ത്രിയുടെ നിർദേശം. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായവും ഫിസിയോ തെറാപ്പിയും ലഭ്യമാക്കാൻ മന്ത്രി വി. അബ്ദുറഹ്മാൻ്റെ നിർദ്ദേശം. സാമ്പത്തിക പ്രയാസം മൂലം ആറുമാസത്തോളമായി ചികിത്സ മുടങ്ങിയ ബിന്ദുവും ഭർത്താവ് സജീഷും കൊണ്ടോട്ടി താലൂക്ക് പരാതി പരിഹാര അദാലത്തിൽ പരാതിയുമായി എത്തുകയായിരുന്നു. അനുഭാവപൂർവം പരാതി പരിഗണിച്ച മന്ത്രി ഉടൻ പരിഹാരം കാണാൻ ഡി. എം. ഒ. ക്ക് നിർദേശം നൽകുകയായിരുന്നു. അസുഖ ബാധിതയായി കിടപ്പിലായിരുന്ന ബിന്ദു കുറേക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് എഴുന്നേറ്റിരിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തത്. തുടർചികിത്സക്കുള്ള സാധ്യതയാണ് മന്ത്രിയുടെ ഉറപ്പിൽ തെളിഞ്ഞത്.