തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം.ഇതിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് അയച്ചു തുടങ്ങി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എംപി, വി. ജോയി, ബിനീഷ് കോടിയേരി അടക്കമുള്ള പ്രമുഖരെയാണ് ചോദ്യം ചെയ്യുന്നത്.അതേസമയം, കേസിൽ ആറ് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഐ.പി. ബിനു, രേവന്ത്, ഉണ്ണികൃഷ്‌ണൻ, ദിനകർ, ദിലീപ് നായർ, ഡി.എസ്. ഉണ്ണി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.ബുധനാഴ്‌ച ഷഹിൻ, നിതിൻ രാജ് എന്നിവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സർക്കാരിന്റെയും ഇഡിയുടെയും ശക്തമായ എതിർപ്പുകൾ തള്ളിയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ ഈ കേസിൽ ആകെ 21 പ്രതികൾക്ക് ജാമ്യം ലഭിച്ചു. പ്രതികൾ 68 ദിവസത്തിലധികമായി ജയിലിൽ കഴിയുന്നുണ്ടെന്നതും കേസിൻ്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിക്കാൻ തയ്യാറായത്.

