എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ ചാണ്ടി ഉമ്മൻ എം.എൽ.എ തള്ളി.സുകുമാരൻ നായർ കേരളത്തിന്റെ സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കാണാൻ വരുന്നവരോട് മാന്യമായി പെരുമാറുന്നയാളാണ് സുകുമാരൻ നായരെന്ന് പറഞ്ഞ അദ്ദേഹം, ഓരോ വ്യക്തികൾക്കും അവരവരുടേതായ ശൈലി ഉണ്ടാകുമെന്നും അതിനെ വക്രിച്ചു കാണിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.സുകുമാരൻ നായർ പൊതുസമൂഹത്തിന്റെ സ്വത്താണെന്നും, കെ.പി.സി.സി അധ്യക്ഷനെതിരെയും എം.പി ആയിരിക്കെത്തന്നെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും, അതിനാൽ എം.പിമാർക്കോ എം.എൽ.എമാർക്കോ പദവി നൽകുന്നതിൽ തടസ്സമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും എൻ.എസ്.എസ് വഴി കിട്ടുന്ന കാര്യങ്ങൾ സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും സമൂഹം ഓർക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. തന്നെക്കൊണ്ട് വായ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ പോകുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്ന പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

