അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ച കഴിഞ്ഞ് 1.50ഓടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും 2.30 ഓടെ ചങ്ങനാശ്ശേരിയിലേക്ക് കൊണ്ടുപോയി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ്, റോഷി അഗസ്റ്റിൻ, എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം എം മണി, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, എ എ റഹിം എംപി,പി സി തോമസ്, നാട്ടകം സുരേഷ്, ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ, നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ,എസ് ശർമ്മ, വൈക്കം വിശ്വൻ, ലതികാ സുഭാഷ്, തോമസ് ചാഴികാടൻ, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്നലെ അന്തരിച്ച എ വി റസലിൻ്റെ മൃതദേഹം ഉച്ചക്ക് 12.15 ഓടെ ആണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. രാവിലെ ഏഴരക്ക് ചൈന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ച മൃതദേഹം പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, എറണാകുളം ജില്ലാ സെക്രട്ടറി സി.എം മോഹനൻ, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ചേർന്നാണ് ഏറ്റുവാങ്ങിയത്.സംസ്കാരം നാളെ 12 ന് തെങ്ങണയിലെ വീട്ടുവളപ്പിൽ നടക്കും.