ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ മുസ്തഫ കമാലിനെ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിംഗപ്പൂരിലേക്ക്. സിംഗപ്പൂര്‍ പൗരനായ മുസ്തഫ കമാലാണ് തട്ടിപ്പ് സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്ന് ഇഡി കണ്ടെത്തി. ലോണ്‍ ആപ്പ് തട്ടിപ്പിന് പുറമേ ക്രിപ്‌റ്റോ കറന്‍സിയില്‍ നേരത്തെയും ഇയാള്‍ വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ മലയാളികളായ സയ്യിദ് മുഹമ്മദിനെയും, ടി.ജി വര്‍ഗീസിനെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുസ്തഫ കമാലുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ഇയാള്‍ 112 കോടി രൂപ ചൈനയില്‍ ക്രിപ്‌റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
1600 കോടിയുടെ തട്ടിപ്പ് നടന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. ഇതില്‍ സയ്യിദ് മുഹമ്മദിന്റെയും, ടി ജി വര്‍ഗീസിന്റെയും നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ ഒഴുകിയത് 718 കോടി രൂപയാണ്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറിയാണിത്. ഇത്തരത്തില്‍ 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.
വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കുമെന്നാണ് സൂചന.