പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവില്‍ പുലി ഇറങ്ങി നായയെ ആക്രമിച്ചതായി പരാതി. ഊട്ടുകളത്തില്‍ ബിൻസിയുടെ നായയ്ക്കാണ് പുലിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. നായയുടെ കരച്ചില്‍കേട്ടു ബിൻസിയും വീട്ടുകാരും ഓടിയെത്തി ബഹളം ഉണ്ടാക്കിയതോടെ അജ്ഞാതജീവി നായയെ ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഡാഷ് ഇനത്തില്‍പ്പെട്ട നായയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തി. ഉടൻതന്നെ ബിൻസി പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. രാത്രി വൈകി മുറിഞ്ഞപുഴയില്‍നിന്നും വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയും പുലിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പുലിയെ പിടികൂടാൻ ഇവിടെ കൂടു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.