കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ കുറഞ്ഞു വരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന പീരുമേട് താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 ലെ ‘കരുതലും കൈത്താങ്ങും’ അദാലത്ത്, ‘നവകേരള സദസ്സി’ലൂടെ നടപ്പാക്കിയ പരാതി പരിഹാരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വലിയ മാറ്റങ്ങളാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചത്. നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്ക് ഏറ്റവും അനുഗുണമാകുന്ന വിധം എങ്ങനെ മാറ്റാം, വേഗത്തില്‍ പ്രയോജനപ്രദമാക്കാം എന്നതാണ് ഓരോ അദാലത്തിന്റെയും ലക്ഷ്യം. അത് കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സഹകരണ -ദേവസ്വം – തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ അദാലത്തുകള്‍ വഴിയുള്ള പ്രശ്‌നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികള്‍ തീര്‍പ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തില്‍ നടക്കുന്നതെന്നും ഏറ്റവും വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
വാഴൂര്‍ സോമന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍, എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ അതുല്‍ എസ് നാഥ്, അനില്‍ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 23 ന് രാവിലെ 10 മുതല്‍ ഉടുമ്പഞ്ചോല – സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാള്‍ നെടുങ്കണ്ടം, അന്ന് ഉച്ചക്ക് ഒരു മണി മുതല്‍ ഇടുക്കി – പഞ്ചായത്ത് ടൗണ്‍ഹാള്‍ ചെറുതോണി, ജനുവരി ആറിന് രാവിലെ 10 മുതല്‍ തൊടുപുഴ – മര്‍ച്ചന്റ് ട്രസ്റ്റ് ഹാള്‍ എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ഓണ്‍ലൈന്‍ വഴിയോ പരാതികളും അപേക്ഷകളും നല്‍കാം. karuthal.kerala.gov.in വഴിയാണ് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുക. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ പരാതിയില്‍ ഉള്‍പ്പെടുത്തണം. നിശ്ചിതമേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക.
‘കരുതലും കൈത്താങ്ങും’ അദാലത്ത്: 97 അപേക്ഷകളില്‍ തീരുമാനമായി
ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ -ദേവസ്വം -തുറമുഖവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്കു തലത്തില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ 97 അപേക്ഷകളില്‍ തീരുമാനമായി.
ഡിസംബര്‍ 20 വരെ അദാലത്തിലേക്ക് ആകെ ലഭിച്ചത് 150 അപേക്ഷകളാണ്. ഇതില്‍ 53 എണ്ണത്തില്‍ നടപടി സ്വീകരിച്ചു വരികയാണന്ന് കുട്ടിക്കാനം കുടുംബസംഗമം ഓഡിറ്റോറിയത്തില്‍ നടന്ന അദാലത്തിനു ശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
അദാലത്ത് ദിവസം 58 അപേക്ഷകള്‍ പുതുതായി ലഭിച്ചു. ഈ അപേക്ഷകള്‍ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതു കൂടാതെ അദാലത്ത് വേദിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 16 പേര്‍ക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
വാഴൂര്‍ സോമന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു, ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, എ ഡി എം ഷൈജു പി ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.
അദാലത്ത് തുണച്ചു; 16 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്
പീരുമേട് താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സഹകരണ – തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ 16 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
എട്ട് അന്ത്യോദയ അന്നയോജന (എഎവൈ) റേഷന്‍ കാര്‍ഡുകളും എട്ട് മുന്‍ഗണനാ (പ്രയോറിറ്റി ഹൗസ്‌ഹോള്‍ഡ് -പി എച്ച് എച്ച്) റേഷന്‍ കാര്‍ഡുകളുമാണ് വിതരണം ചെയ്തത്.
പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് ലഭിച്ച ഉപ്പുതറ സ്വദേശിനി കുട്ടിയമ്മ ഏറെ സന്തോഷത്തോടെയാണ് അദാലത്തില്‍ നിന്നു മടങ്ങിയത്. ‘എന്റെ ഭര്‍ത്താവ് വൃക്ക – ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ടു ദിവസം നിലവില്‍ ഡയാലിസിസ് ചെയ്യണം. ഞങ്ങള്‍ക്ക് എ പി എല്‍ കാര്‍ഡായിരുന്നു. ഞാനും എന്റെ ഭര്‍ത്താവും ഇപ്പോള്‍ തൊഴില്‍ രഹിതരാണ്. ഡിസംബര്‍ 19 ന് ഞങ്ങള്‍ പി എച്ച് എച്ച് കാര്‍ഡിനായി താലൂക്കുതല അദാലത്തിലേക്ക് അപേക്ഷ നല്‍കി. ഒട്ടും വൈകാതെ പീരുമേട് അദാലത്തില്‍ കാര്‍ഡ് അനുവദിച്ചു കിട്ടി . ഇത് എന്റെ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വളരെയധികം ഉപകാരമായിരിക്കും. ഒത്തിരി നന്ദിയുണ്ട്.’ കുട്ടിയമ്മ പറഞ്ഞു.
എഎവൈ റേഷന്‍ കാര്‍ഡ് അനുവദിച്ച് കിട്ടിയവര്‍: ബല്‍ക്കീസ്, പീരുമേട്, രാജേശ്വരി, വണ്ടിപെരിയാര്‍, അമ്മിണി ഉപ്പുതറ , രാഖിമോള്‍, ഉപ്പുതറ , രതീഷ് ശര്‍മ്മ, പീരുമേട്, ശോശാമ്മ , കൊക്കയാര്‍ , അഞ്ജു, കുമളി, ശ്യാമള , പീരുമേട്.പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍: വിജയമ്മ, ഉപ്പുതറ, സരിത, ഏലപ്പാറ, അജിത, ഉപ്പു തറ, മേരിക്കുട്ടി ജോസഫ്, മുറിഞ്ഞ പുഴ, സീന, പീരുമേട്, മിന്‍സി, പീരുമേട്, കുട്ടിയമ്മ, ഉപ്പുതറ , സരള്‍, പെരുവന്താനം.
വില്ലേജ് അധികാരികള്‍ നിഷേധിച്ച ജാതി സര്‍ട്ടിഫിക്കറ്റ് ആന്‍ മരിയക്ക് ലഭിക്കും
വില്ലേജ് അധികാരികള്‍ സാങ്കേതികത്വം പറഞ്ഞ് നിഷേധിച്ച ജാതി സര്‍ട്ടിഫിക്കറ്റ് ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ ലഭ്യമാകുന്നതിന്റെ സന്തോഷത്തിലാണ് പീരുമേട് പഴയ പാമ്പാര്‍ ജനിയല്‍ ഇല്ലത്ത് ആന്‍മരിയ. മന്ത്രി റോഷി അഗസ്റ്റിനാണ് ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കാന്‍ വില്ലേജ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ഈ വര്‍ഷം നവംബര്‍ 19 നാണ് ആന്‍ മരിയ ജോലി ആവശ്യത്തിനായി ജാതി സര്‍ട്ടിഫിക്കറ്റിന് പീരുമേട് വില്ലേജ് ഓഫീസില്‍ അപേക്ഷിച്ചത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ആന്‍ മരിയക്ക് 2019 മെയ് 31 ന് ഇതേ ഓഫീസില്‍ നിന്നു ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ അപേക്ഷയിന്മേല്‍ ആന്‍ മരിയയുടെ പിതാമഹന്‍ 1947 ന് മുമ്പ് ലത്തീന്‍ കത്തോലിക്കന്‍ ആണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജാരക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് ആന്‍മരിയ അദാലത്തില്‍ പരാതി നല്‍കിയത്.
2019-ല്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കേ ആന്‍ മരിയക്ക് പുതിയ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടി. ഉടന്‍ ജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ആന്‍ മരിയയെ സന്ദര്‍ശിച്ച അദ്ദേഹം അവരില്‍ നിന്നു വിവരങ്ങളാരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മന്ത്രി അവരെ അറിയിച്ചു.