കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു ജനപ്രതിനിധി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വെറുതെ പറയുകയല്ല അത്. സ്റ്റാര്‍ട്ടപ്പുകളുടെ വികാസത്തെ കുറിച്ചാണ് അക്കമിട്ട് സൂചിപ്പിച്ചതെന്നും അദ്ദേഹം വിശദമാക്കി. കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.നാടിന്റെ വികസനം ചില മേഖലകളില്‍ വലിയ തോതില്‍ ഉണ്ടായിരിക്കുന്നു. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകത്തക്ക രീതിയിലുള്ള വികസനമാണ് എന്നത് വസ്തുതകള്‍ ഉദ്ദരിച്ചുകൊണ്ട് നമ്മുടെ സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസിലാക്കുന്ന ഒരു ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം സാധാരണ ഒരു പ്രസംഗം നടത്തുകയല്ല ചെയ്തത്. ലോകത്ത് ഐടി രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികാസത്തിന്റെ കണക്കെടുത്താല്‍ അതിലെ ലോകത്തിന്റെ തോതിന്റെ എത്രയോ മടങ്ങ് കേരളം നേടിയിരിക്കുന്നു. അതാണ് അക്കമിട്ട് ചൂണ്ടിക്കാട്ടിയത് – മുഖ്യമന്ത്രി വ്യക്തമാക്കി.